ശ്രീനഗര്‍ : കാശ്മീര്‍ അതിര്‍ത്തിയിലെ ഇരുപത്തഞ്ചോളം സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെള്ളിയാഴ്ച രാത്രി പാക് സേന ശക്തമായ വെടിവെപ്പ് നടത്തിയതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച പകല്‍ സാംബയിലും ജമ്മു ജില്ലകളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയും പാക് സേന നടത്തിയ വെടിവെപ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.

സാംബ, കിത്വ, ഹിരാ നഗര്‍, ആര്‍എസ് പുര, പര്‍ഗവാള്‍ തുടങ്ങിയ അതിര്‍ത്തി മേഖലകളിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് വെടിവെപ്പുണ്ടായത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമമുണ്ടായതായും സൈന്യം വ്യക്തമാക്കി. നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയതായും പാക് വെടിവെപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

അതേസമയം നിരന്തരമുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.