കാസര്‍കോട്: രണ്ടു വനിതാജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് കേന്ദ്രസര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എം.അബ്ദുര്‍റഷീദിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുറത്താക്കി. പരാതി അന്വേഷിച്ച കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. രജിസ്ട്രാറെ പുറത്താക്കിയതു സംബന്ധിച്ച മാനവവിഭവശേഷിമന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞദിവസം കേന്ദ്രസര്‍വകലാശാലയുടെ കാസര്‍കോട് ഓഫീസില്‍ ലഭിച്ചു. വ്യാഴാഴ്ച ഡോ. അബ്ദുര്‍റഷീദ് സര്‍വകലാശാലയില്‍നിന്ന് ഉത്തരവ് കൈപ്പറ്റി. സംഭവത്തെത്തുടര്‍ന്ന് അഞ്ചുമാസത്തോളമായി സസ്‌പെന്‍ഷനിലാണ് അബ്ദുര്‍റഷീദ്.

പരാതി സംബന്ധിച്ച് ആറംഗ യൂണിവേഴ്‌സിറ്റി കംപ്ലെയിന്റ്‌സ് കമ്മിറ്റി തെളിവെടുപ്പു നടത്തിയിരുന്നു. സ്ത്രീപീഡനം തടയുന്നതിനും സ്ത്രീകളുടെ പരാതി പരിഹരിക്കുന്നതിനും രൂപവത്കരിച്ച സമിതിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനവവിഭവശേഷി മന്ത്രാലയം അബ്ദുര്‍റഷീദിന് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. വൈസ് ചാന്‍സലര്‍ മുഖേനയാണ് നോട്ടീസ് നല്കിയത്. ഇതിന് അബ്ദുര്‍റഷീദ് നല്കിയ മറുപടിയില്‍ കഴമ്പില്ലെന്നു കാണിച്ചാണ് രാഷ്ട്രപതിയുടെ പുറത്താക്കല്‍ ഉത്തരവ്. കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ ആയിരുന്നു അബ്ദുര്‍റഷീദ്. ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയാണ് അദ്ദേഹം കേന്ദ്രസര്‍വകലാശാലയില്‍ നിയമിതനായത്. പിന്നീട് രജിസ്ട്രാര്‍ ആയി നിയമിച്ചു.