തിരുവനന്തപുരം:സോളാര്‍ തട്ടിപ്പുകേസിലെ സുപ്രധാന രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതിനായി ഹര്‍ജി നല്‍കും. സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ് നായരുടെ റിമാന്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും വിഎസ് ഹര്‍ജി നല്‍കും. സരിതയുമൊത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായുള്ള ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈ എട്ടിനാണ് ശ്രീധരന്‍ നായര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി.ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടത് അന്വേഷിക്കേണ്ടെന്ന് ഒക്ടോബര്‍ 11ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ സത്യവാങ്മൂലത്തില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും സുപ്രധാന രേഖകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്