തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിലും സിപിഐ(എം) നിലപാട് തള്ളി വിഎസ് അച്യുതാനന്ദന്‍. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ഗുണകരമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നാണ് വിഎസ്സിന്റെ ആവശ്യം. ജനജീവിതത്തിന്റെ നിലനില്‍പ്പിന് പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു.രാജ്യത്തെ 25 കോടി ജനങ്ങളുടെ ജീവിതത്തിന്റെ കാര്യമാണ്. അതിനാല്‍ പശ്ചിമഘട്ട സംരക്ഷണം ഏറ്റെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെ സിപിഐ(എം) എതിര്‍ത്തിരുന്നു.

പാര്‍ട്ടി നിലപാടുകള്‍ക്കെതിരായി പരസ്യ പ്രസ്താവന നടത്തരുതെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) പിബി വിഎസ്സിന് പരസ്യ താക്കീത് നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് പശ്ചിമഘട്ട സംരക്ഷണത്തിലെ പാര്‍ട്ടി നിലപാടുകളെ തള്ളിക്കൊണ്ട് വിഎസ് പ്രസ്താവന നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം തള്ളണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലും ഇടുക്കിയിലും സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് ഇപ്പോള്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന് പരസ്യ പിന്തുണയുമായി വിഎസ് രംഗത്ത് എത്തിയിരിക്കുന്നത്.