ന്യൂഡല്‍ഹി: ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്‍കണമെന്ന് സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കുമാര്‍മംഗലം ബിര്‍ല അടക്കമുള്ളവര്‍ക്കെതിരെ എടുത്ത എഫ് ഐ ആറിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കുമാരമംഗലം ബിര്‍ളയ്‌ക്കെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐയുടെ തീരുമാനം. ബിര്‍ളയ്ക്ക് കല്‍ക്കരിപ്പാടം നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിട്ടുള്ളത്.

കുമാരമംഗലം ബിര്‍ളയെയും മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പി സി പരേഖിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ ഇടയായ സാഹചര്യം സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് ബിര്‍ളയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും മന്ത്രാലയത്തിന്റെ ചുമതല ഉള്ളവര്‍ ഇതിന് അനുമതി നല്‍കി എന്ന് റിപ്പോര്‍ട്ടിലുള്ളത്.ഈ മാസം 29ന് കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് പരിശോധിക്കും. ബിര്‍ളയുടെ ഹിന്റാല്‍കോ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചത് യോഗ്യത മാനദണ്ഡമാക്കിയാണെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.