ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍ ഇ-കൊമേഴ്‌സ് രംഗത്തേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ആമസോണ്‍ , ഇ-ബേ തുടങ്ങി ആഗോള ഇ-കൊമേഴ്‌സ് വമ്പന്മാര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചിട്ടുണ്ട്. അവരോട് കിടപിടിക്കത്തക്കവണ്ണമാവും റിലയന്‍സ് റീട്ടെയിലിന്റെ ഇ-കൊമേഴ്‌സ് സൈറ്റ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് അവതരിപ്പിക്കാനാണ് റിലയന്‍സ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വ്യാപകമാകുന്നതു തിരിച്ചറിഞ്ഞാല്‍ മുകേഷ് അംബാനി ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റ് വികസിപ്പിക്കുന്നതിനായി ടെക്‌നിക്കല്‍ ടീമിനെത്തന്നെ നിയോഗിച്ചിരിക്കുകയാണ് റിലയന്‍സ് റീട്ടെയില്‍. ഹൈപ്പര്‍ മാര്‍ക്കറ്റ്, ഡിജിറ്റല്‍ സ്റ്റോര്‍ , ജ്വല്ലറി, അപ്പാരല്‍ സ്റ്റോര്‍ എന്നീ ഇനങ്ങളിലായി 1,500ലേറെ സ്‌റ്റോറുകള്‍ കമ്പനിക്കുണ്ട്. രാജ്യത്തെ 136 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഈ ശൃംഖലയുടെ കൂടി സഹായത്തോടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്.

2020 ഓടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണി 20,000 കോടി ഡോളറിലെത്തുമെന്നാണ് പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ടെക്‌നോപാക്ക് അഡൈ്വസേഴ്‌സിന്റെ അനുമാനം. ഇപ്പോഴിത് 1,000 കോടി ഡോളറാണ്.