തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ നീക്കംചെയ്യണമെന്ന കേന്ദ്രനിര്‍ദ്ദേശത്തില്‍ സംസ്ഥാനം നടപടി തുടങ്ങി.മദ്യപിച്ചുള്ള വാഹന യാത്രയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോര്‍വാഹന നിയമം കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അബ്കാരി നയരൂപീകരണത്തിനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായിട്ടാണ് ദേശീയപാതകളിലെ മദ്യശാലകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചത്.

2011 ഡിസംബറില്‍ അയച്ച കത്തിന് സംസ്ഥാനം മറുപടി നല്‍കിയില്ല. വീണ്ടും 2013 മാര്‍ച്ചില്‍ കേന്ദ്രത്തിന് ലഭിച്ചു. ഇതില്‍മേല്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കത്ത് നികുതി വകുപ്പിലേക്കും എക്‌സൈസ് വകുപ്പിലേക്കും കൈമാറി.6 മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ കത്തില്‍മേല്‍ നടപടി എടുക്കുകയോ മറുപടി അയക്കുകയോ ചെയ്യാതിരുന്നത് വിവാദമായിരുന്നു.ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ നിരന്തരം ഉണ്ടായ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.