ന്യൂഡൽഹി: കേരളത്തിൽ സർക്കാരും പാർട്ടിയും രണ്ടു തട്ടിലാണെന്നും ഇങ്ങനെ പോയാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ റിപ്പോർട്ട്. രണ്ടു ദിവസങ്ങളിലായി കേരളത്തിൽ നടത്തിയ സന്ദർശനത്തിനു ശേഷം കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശം ഉള്ളത്.

കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും രണ്ടുവഴിക്കാണ്. പരസ്യപ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്ക് സര്‍ക്കാരിനെയും സര്‍ക്കാരിന് പാര്‍ട്ടിയെയും വിശ്വാസത്തിലെടുക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡ‌ന്ര് രമേശ് ചെന്നിത്തലയും തമ്മിൽ ഭരണകാര്യങ്ങളിൽ ഏകോപനമില്ല. സർക്കാരിന് പാർട്ടിയുടെ പിന്തുണയില്ല. പാർട്ടി പിന്തുണ തേടുന്നതിന് ആവശ്യമായ നടപടികൾ സർക്കാരും സ്വീകരിക്കുന്നില്ല. ഗ്രൂപ്പ് പോര് താഴേത്തട്ടിൽ വരെ പ്രകടമാണ്. പരസ്യപ്രസ്താവനകൾ ഹൈക്കമാൻഡും കെ.പി.സി.സി പ്രസിഡ‌ന്റും വിലക്കിയതാണ്. എന്നാൽ അത് പാലിക്കപ്പെടുന്നില്ല. ഈ സാഹചര്യം തുടർന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു.