ലണ്ടൻ: ഡയാന രാജകുമാരി കൊല്ലപ്പെടാനിടയായ കാറപകടത്തിനു പിന്നിൽ കാർ ഡ്രൈവറും ബ്രിട്ടീഷ് ചാരസംഘടനയായ എംഐ സിക്സും ഉൾപ്പെട്ടിട്ടുണ്ടെന്ന് പുതിയ വെളിപ്പെടുത്തൽ. കാർ ഡ്രൈവർ പോൾ ഹെൻറിയെ സ്വാധീനിച്ച് ഡയാനയും കാമുകനും സഞ്ചരിച്ചിരുന്ന കാർ അടപകസ്ഥലമായ പാരീസിലെ പോയ്ന്റ് ഡൽമ തുരങ്കത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അലൻ പവൽ എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ പുതിയ പുസ്തകത്തിൽ വ്യക്തമാക്കുന്നു. അവിടെ സ്‌പെഷൽ എയർ സർവീസിന്റെ (എസ്.എ.എസ്)​ ഹിറ്റ് സ്ക്വാഡിനെ അപകടം സൃഷ്ടിക്കാൻ തയാറാക്കി നിർത്തിയിരുന്നത് ഡ്രൈവർക്ക് അറിയില്ലായിരുന്നു. അപകടത്തിനു പിന്നിൽ ബ്രിട്ടീഷ് ഫോഴ്‌സായ എസ്.എ.എസ് ഉണ്ടെന്ന് കഴിഞ്ഞ മാസമാണ് വ്യക്തമാക്കപ്പെട്ടത്.

ഡയാന 1997 ഓഗസ്റ്റ് 31 നാണ് കാറപകടത്തിൽ കൊല്ലപ്പെട്ടത്.ഡ്രൈവർക്ക് നേരത്തെതന്നെ എംഐ സിക്സുമായി ബന്ധമുണ്ടായിരുന്നുവെന്ന് ‘ദ പ്രിൻസസ് ഡയാനകോൺസ്‌പിറസി’ എന്ന പുസ്തകത്തിൽ പറയുന്നു. എന്നാല്‍ താൻ ഡയാനയെയും ഈജിപ്‌ഷ്യൻ കാമുകൻ ദോദി അൽ ഫയ്ദിനെയും അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് ഡ്രൈവർക്ക് അറിയില്ലായിരുന്നു. ഡ്രൈവർ കണക്കിലേറെ മദ്യപിച്ചിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പക്ഷേ സത്യം അതല്ലെന്ന് ബുക്കിൽ വ്യക്തമാക്കുന്നു.