ദോഹ: പരിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനം ദോഹയിലെ ഖത്താര ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ തുടങ്ങി.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹജ്ജ് തീര്‍ത്ഥാടനവും അതിന്റെ ചരിത്രവുമെല്ലാം ചിത്രങ്ങളിലൂടെ പുനരവതരിക്കുകയാണ് ഈ പ്രദര്‍ശനത്തില്‍. ബ്രിട്ടീഷ് മ്യൂസിയവുമായി സഹകരിച്ചാണ് ഹജ്ജ്: ദി ജേര്‍ണി ത്രൂ ആര്‍ട്ട് എന്ന പേരിലുള്ള പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പൊതുജനത്തിനിടയില്‍ ഇതുവരെ പ്രദര്‍ശിപ്പിക്കപ്പെടാത്ത അമ്പത്തിമൂന്നോളം അപൂര്‍വ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ പ്രദര്‍ശനത്തിലുണ്ട്.

2012ല്‍ ബ്രിട്ടീഷ് മ്യൂസിയം സംഘടിപ്പിച്ച ‘ഹജ്ജ് : ഇസ്ലാമിക ഹൃദയത്തിലേക്കുള്ള യാത്ര ‘ എന്ന പ്രദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 1908ല്‍ ഇന്ത്യന്‍ വംശജനായ മുഹമ്മദ് അല്‍ ഹുസയ്‌നി ഹജ്ജ് തീര്‍ഥാടന കാലത്ത് കാമറയില്‍ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്‌സിന്റെ കൈവശമുള്ള അപൂര്‍വ ശേഖരവും പ്രദര്‍ശനത്തിനുണ്ട്. കഅബയുടെയും മദീനയുടെയും മിനായിലെ കല്ലേറിന്റെയുമെല്ലാം പഴയ ചിത്രങ്ങള്‍ ജീവസ്സുറ്റ ഓര്‍മകളായി ഈ ഫോട്ടോകളില്‍ തെളിയുന്നു.ഫോട്ടോകളില്‍ അധികവും നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്.