പത്തനംതിട്ട: സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായരുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പത്തനംതിട്ട ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. അഡ്വക്കേറ്റ് സലിം കാമ്പിശേരി മുഖേനേയാണ് അപേക്ഷ നൽകിയത്.

സോളാർ കേസിലെ എഫ്.ഐ.ആർ,​ രണ്ടാം പ്രതി സരിതയുടെ റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് എന്നിവയും നൽകണമെന്ന് വി.എസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വി.എസ് കോടതിയെ സമീപിച്ചത്. രേഖകളുടെ പകർപ്പ് കിട്ടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് വി.എസിന്റെ തീരുമാനം. സോളാർ കേസ് അന്വേഷണത്തിൽ ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് വി.എസ് ആവശ്യപ്പെടും.