ജമ്മു: പാക് സൈന്യത്തിന്‍റെ തുടർച്ചയായ ആക്രമണങ്ങൾ ചെറുക്കുന്ന അതിർത്തി രക്ഷാസേനയ്ക്കൊപ്പം രാജ്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിന്‍റെയും സർവ ജനങ്ങളുടെയും പിന്തുണ അവർക്കുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ വ്യക്തമാക്കി.

ഇന്ത്യാ-പാക് നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച സാംബ മേഖലയിൽ ബി.എസ്.എഫ് ജവാന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതിർത്തിക്കപ്പുറത്തുനിന്ന് തുടർച്ചയായ വെടിവെയ്പുണ്ടായതിനെത്തുടർന്നാണ് ഷിൻഡെ സാംബ സന്ദർശിച്ചത്.കേന്ദ്ര പൊലീസ് സൈന്യത്തിൽനിന്ന് വിരമിക്കുന്നവർക്ക് വിമുക്തഭടന്മാരുടെ പദവിയും ആനുകൂല്യങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ ഇതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.ഷിൻഡെയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപും പാക്‌സൈന്യം ശക്തമായ വെടിവെയ്പ് നടത്തിയിരുന്നു.