ന്യൂഡല്‍ഹി: ഡോ. ഹര്‍ഷവര്‍ദ്ധന്‍ ആയിരിക്കും ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ സംസ്ഥാന ആരോഗ്യമന്ത്രിയുമാണ് നാലുവട്ടം നിയമസഭാംഗമായ ഡോ. ഹര്‍ഷവര്‍ദ്ധന്‍ . ആര്‍ .എസ്.എസിന്റെയും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെയും ശക്തമായ പിന്തുണയോടെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയലിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ട് ഹര്‍ഷവര്‍ദ്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായത്.

പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്.ഐക്യകണ്ഠേനയാണ് ഹര്‍ഷവര്‍ദ്ധനനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ അവകാശവാദം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയല്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്. എന്നാല്‍ നരേന്ദ്ര മോദിയുടേയും ആര്‍.എസ്.എസ്സിന്റേയും പിന്തുണ ലഭിച്ചത് സ്ഥാനാര്‍ത്ഥിയാകാന്‍ ഹര്‍ഷവര്‍ദ്ധനന് അനുകൂലമായ ഘടകമായി.നാലു വട്ടം ലോകസഭയിലെത്തിയ ഇഎന്‍ടി ഡോക്ടര്‍ കൂടിയായ ഹര്‍ഷവര്‍ധന്റെ ക്ലീന്‍ ഇമേജും അദ്ദേഹത്തിന് നേട്ടമായി.വിജയ്‌ഗോയലിന് വേണ്ടത്ര ജനപിന്തുണയില്ലെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.