ന്യൂഡല്‍ഹി: ആധാര്‍നമ്പര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആധാര്‍ എടുക്കുന്നത് വ്യക്തിയുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കരുതാനാവില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യംചെയ്ത് കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ജഡ്ജി കെ. പുട്ടസ്വാമി സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സബ്‌സിഡിയും ആനുകൂല്യങ്ങളും സര്‍ക്കാറിന്റെ വിവേചനപരമായ അധികാരങ്ങളില്‍ വരുന്നതാണ്. അതിനാല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സ്റ്റേ ഒഴിവാക്കണമെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

സാമൂഹികസുരക്ഷയ്ക്കുള്ള ക്ഷേമപദ്ധതികള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുന്നത് വ്യാജന്മാരെ കണ്ടെത്താന്‍ സഹായിക്കും. സബ്‌സിഡി നേരിട്ട് ഗുണഭോക്താക്കള്‍ക്കു തന്നെ ലഭിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട ധനക്കമ്മി കുറയ്ക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്‌സിഡിപ്പണം നേരിട്ടുനല്‍കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ടെങ്കിലും ആധാര്‍നമ്പര്‍ ഇല്ലാത്തവര്‍ക്ക് അത് നിഷേധിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍നമ്പര്‍ ലഭിക്കുന്നതുവരെയും ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ട കേസുകളില്‍ പരാതി പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. യോഗ്യതയില്ലാത്തവരെ ഒഴിവാക്കാനും പൊതുവിതരണശൃംഖലയിലെ ചോര്‍ച്ച ഒഴിവാക്കുന്നതിനുമാണ് ആധാറുമായി സേവനങ്ങളുംമറ്റും ബന്ധപ്പെടുത്തിയത്. ആ സാഹചര്യത്തില്‍ ആധാര്‍നമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് വേണമെന്ന് നിര്‍ബന്ധിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.