തിരുവനന്തപുരം: കേരളത്തിലെ വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മാവോയിസ്റ്റുകളെ നേരിടാന്‍ ആന്റി നക്‌സല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നതിന് മന്ത്രിസഭാ തീരുമാനം. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആന്റി നക്‌സല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നത്. വടക്കന്‍ ജില്ലയിലെ വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ സാന്നിധ്യമുറപ്പിച്ചതായുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മന്ത്രിസഭയില്‍ അവതരിപ്പിച്ചിരുന്നു.ഫെബ്രുവരിയില്‍ കണ്ണൂരിലെ തട്ടാരി എസ്‌റ്റേറ്റില്‍ ആയുധ ധാരികളായ ആളുകള്‍ തൊഴിലാളികളെ തടഞ്ഞു വെച്ചതോടെയാണ് കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.അന്ന് കണ്ണൂരിലെ വനമേഖലയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വ്യാപകമായ തിരച്ചിലിന് പോലീസ് തുടക്കമിട്ടത്.

മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ഗറില്ലാ ആര്‍മിയുടെ ദളങ്ങള്‍ വിന്യസിക്കാനാണ് ശ്രമം നടക്കുന്നത്. ലിബറേറ്റഡ് സോണിനായി സോണല്‍ കമ്മിറ്റി രൂപീകരിച്ചു. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെ വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനമെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.വടക്കന്‍ ജില്ലകളിലും സംസ്ഥാനത്തെ പ്രധാന വ്യക്തികള്‍ക്ക് നേരെയും മാവോയിസ്റ്റുകളുടെ ആക്രമണഭീഷണിയുള്ളതായി റിപ്പോര്‍ട്ടിലുണ്ട്. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനും ആയുധങ്ങള്‍ കവരാനും മാവോയിസ്റ്റുകള്‍ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പോലീസ് സ്‌റ്റേഷനുകളില്‍ നിലവില്‍ സുരക്ഷ പര്യാപ്തമല്ലെന്നും അതീവ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഇതിനായി ആറരക്കോടി രൂപ ചെലവ് വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്കണ്ണൂരില്‍ പുളിങ്കോം, കാനംവയല്‍, രാജഗിരി, വയനാട്ടില്‍ തിരുനെല്ലി, പുല്‍പ്പള്ളി, പാലക്കാട്ട് അഗളി, ഷോളയൂര്‍, എന്നീ അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തിയത്. കേരള പോലീസിന്റെ പ്രത്യേക കമാന്‍ഡോ സംഘമായ തണ്ടര്‍ ബോള്‍ട്ടിന്റെ രണ്ടു ബറ്റാലിയനുകളെ അന്ന് തിരുനെല്ലിയില്‍ വിന്യസിച്ചിരുന്നു.