തിരുവനന്തപുരം: സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പ്രൊമോട്ടര്‍മാരെ നിയമിക്കാനുള്ള ഫയല്‍ മന്ത്രിസഭ തള്ളി. എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഇതില്‍ പ്രാതിനിധ്യമില്ലെന്നു കാണിച്ചാണ് മന്ത്രിസഭ ഫയല്‍ തള്ളിയത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങളാണ് ഫയലിനെ എതിര്‍ത്തത്.

നാലായിരം രൂപ പ്രതിമാസ ശമ്പളം നിശ്ചയിച്ച് 902 പ്രൊമോട്ടര്‍മാരെയാണ് നിയമി കഴിഞ്ഞ വര്‍ഷം നിയമിച്ചത്. എന്നാല്‍ , ഈ നിയമനമത്രയും ഒരൊറ്റ സമുദായത്തില്‍ നിന്നായത് വ്യാപകമായ പ്രതിഷേധത്തിന് ഇടവച്ചിരുന്നു. ന്യൂനപക്ഷ വകുപ്പ്മന്ത്രി മഞ്ഞളാംകുഴി അലിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനുവേണ്ടി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിനോട് ധനവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ തുക ചിലവിടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്മൂലം ഏതാനും മാസങ്ങളായി പ്രൊമോട്ടര്‍മാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല.മതന്യൂനപക്ഷങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കളില്‍ അവബോധം ഉണ്ടാക്കുന്നതിനും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും വേണ്ടിയാണ് 1000 ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിച്ചത്. പട്ടികജാതി-വര്‍ഗ പ്രൊമോട്ടര്‍മാരുടെ മാതൃകയിലായിരുന്നു ഇത്.

ഇവര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കാന്‍ വേണ്ടിയാണ് നിയമനം സംബന്ധിച്ച ഫയല്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ധനവകുപ്പിന്റെ ഈ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ഫയല്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.