ജമ്മു കാശ്മീര്‍:കാശ്‌മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം പാകിസ്ഥാൻ തുടരുന്നു. പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യന്‍ പോസ്റ്റിനുനേരേ വെടിവയ്പ്പുണ്ടായത്. ആര്‍എസ് പുര, പര്‍ഗവാള്‍ എന്നിവിടങ്ങളിലാണ് അക്രമണമുണ്ടായത്. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ സന്ദര്‍ശനത്തിനു പിന്നാലെയാണ് സംഭവം. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഷെല്ലാക്രമണവും വെടിവയ്പ്പും ഉണ്ടായി.

മഞ്ഞു വീഴ്ച ശക്തമായ സാഹചര്യത്തില്‍ ഇതിന്റെ മറവില്‍ പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റവും തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേ ഇന്ത്യ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.കഴിഞ്ഞ രണ്ടു മാസമായി 150ലേറെ തവണയാണ് പാകിസ്താന്‍ സേന അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനടെ മാത്രം അവര്‍ 38 തവണ ഇന്ത്യയെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തിട്ടുണ്ട്. ഒക്‌ടോബര്‍ പത്തൊന്‍പതിന് നടന്ന തുടര്‍ച്ചയായ ഷെല്ലിങ്ങില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വെടിവെപ്പ് ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടതോടെ അതിര്‍ത്തിഗ്രാമങ്ങളലായ സാംഗ കത്വ എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടമായി പലായനം ചെയ്യുകയും ചെയ്തു.