കൊല്ലം: തെക്കന്‍ ജില്ലകളിലെ പാചക വാതക വിതരണം വീണ്ടും പ്രതിസന്ധിയിലായി. പാരിപ്പള്ളി ഐഒസി പ്ലാന്റിലെ ട്രക്ക് തൊഴിലാളി പണിമുടക്ക് പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ചെറിയൊരു വിഭാഗം ട്രക്കുടമകള്‍ പ്രശ്ന പരിഹാരത്തിന് സന്നദ്ധത അറിയിച്ചെങ്കിലും ഭൂരിപക്ഷം പേരും വിട്ടുവീഴ്ചക്ക് തയ്യാറായില്ല.142 ലോറികളാണ് പാരിപ്പള്ളി പ്ലാന്റില്‍ പണിമുടക്കുന്നത്. തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കിടെ 16 പേര്‍ ഒത്തുതീര്‍പ്പിനു സന്നദ്ധതയറിയിച്ചിട്ടുണ്ട്.

പാരിപ്പള്ളിയിലെ ഐഒസി പ്ലാന്റി നിന്ന് ഒരുദിവസം കൊണ്ടുപോകുന്നത് 36,000 പാചകവാതക സിലിണ്ടറുകളാണ്. തലസ്ഥാനത്തടക്കം നാലു ജില്ലകളില്‍ ഇവ വിതരണത്തിനെത്തിക്കും. ഒരു ദിവസം ലോറി ഓടിയില്ലെങ്കില്‍ ഗ്യാസ് ഏജന്‍സികള്‍ വഴിയുള്ള സിലിണ്ടര്‍ വിതരണം അവതാളത്തിലാകുമെന്ന് ചുരുക്കം. ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ മാസങ്ങളായി നല്‍കുന്നില്ലെന്നാണു തൊഴിലാളികളുടെ പരാതി. സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനാണ് തീരുമാനം.