ബെയ്ജിംഗ്: അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ പരസ്പര വിശ്വാസം ഉറപ്പാക്കുന്ന നിര്‍ണായക അതിര്‍ത്തിസഹകരണ കരാറില്‍ ഇന്ത്യയും ചൈനയും ഒപ്പിട്ടു.അതിര്‍ത്തിയില്‍ ശാശ്വത സമാധാനം പുലരാന്‍ ആവശ്യമായ നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് കരാര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കാനും തീരുമാനയായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങും തമ്മില്‍ ബെയ്ജിംഗില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനങ്ങളുണ്ടായത്. കരാര്‍ പ്രകാരം ഇന്ത്യയും ചൈനയും പരസ്പരം സൈനീക ശക്തി പ്രയോഗിക്കില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ കുറയ്ക്കാന്‍ ഉരുരാജ്യങ്ങളും ശ്രമിക്കുമെന്നും ഇരുനേതാക്കളും നടത്തിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ ഒന്‍പത് കരാറുകളിലാണ് ഒപ്പുവച്ചത്.റഷ്യന്‍പര്യടനത്തിനുശേഷം മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് മന്‍മോഹന്‍ സിങ്ങ് ചൈനയിലെത്തിയത്.

അതേസമയം, പുതുക്കിയ വീസ കരാറില്‍ ഒപ്പുവയ്ക്കാന്‍ കൂടിക്കാഴ്ചയില്‍ കഴിഞ്ഞിട്ടില്ല. ചൈനയുമായി മെച്ചപ്പെട്ട സുഹൃത്ബന്ധം തുടരുമെന്ന് മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സിംഗ് അറിയിച്ചു.ഫൈലീന്‍ ചുഴലിക്കാറ്റ് നാശം വിതച്ചവേളയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കുടുങ്ങിയ 17 ചൈനീസ് നാവികരെ രക്ഷിച്ച ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയുമായി നല്ല ബന്ധം തുടരുമെന്നും അറിയിച്ചു. പരസ്പര സഹകരണവും രാഷ്ട്രീയ ബന്ധവും മെച്ചപ്പെടുത്താനും ഉന്നതതല സന്ദര്‍ശനങ്ങള്‍ തുടരാനും വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായി ലീ പറഞ്ഞു.