ചെന്നൈ: രാജ്യത്തെ എയ്ഡ്‌സ് ബാധിതര്‍ക്കും ഇനി ഇന്‍ഷൂറന്‍സ് പരിരക്ഷ. എച്ച്ഐവി ബാധിതര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള കരട് മാര്‍ഗരേഖ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തിറക്കി. എയ്ഡ്‌സ് രോഗികള്‍ക്ക് നേരത്തെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമായിരുന്നില്ല.സാധാരണ ഗതിയില്‍ പോളിസി എടുത്ത ശേഷമുള്ള അപകടങ്ങള്‍ക്ക് മാത്രമെ ഇന്‍ഷൂറന്‍സ് ക്ലൈം ചെയ്യാനാവൂ.ഐആര്‍ഡിഎ പുറത്തിറക്കിയ കരട് റിപ്പോര്‍ട്ട് അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരും.

ഇതിനായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ അണ്ടര്‍റൈറ്റിംഗ് മാന്വല്‍, ക്ലൈംസ് മാന്വല്‍, പ്രൊപോസല്‍ ഫോമുകള്‍ തുടങ്ങിയ ആവശ്യമായ രേഖകള്‍ ഐആര്‍ഡിഎയ്ക്ക് സമര്‍പ്പിക്കണം.രാജ്യത്തെ എയ്ഡ്‌സ് രോഗികളില്‍ 83 ശതമാനവും 15നും 49നും ഇടയില്‍ പ്രായമുള്ളവരാണ്. 24 ലക്ഷം എയ്ഡ്‌സ് രോഗികളാണ് രാജ്യത്തുള്ളത്. നിലവില്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലെയ്ഡ് ഇന്‍ഷൂറന്‍സ് പോലുള്ള ചില കമ്പനികള്‍ മാത്രമാണ് എയ്ഡ്‌സ് രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി നല്‍കുന്നത്.