റിയാദ്:നിതാഖാതുമായി ബന്ധപ്പെട്ടു പദവി ശരിയാക്കാനുള്ള സമയപരിധി അവസാനിക്കുന്നതിനു മുമ്പ് എല്ലാ വിദേശ തൊഴിലാളികളും രേഖകള്‍ നിയമാനുസൃതമാക്കണമെന്നു സൗദി ആഭ്യന്തര-തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സമയപരിധിക്കുള്ളില്‍ പദവി ശരിയാക്കാത്ത വിദേശികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി തൊഴില്‍ – ആഭ്യന്തര മന്ത്രാലയങ്ങള്‍ മുന്നറിയിപ്പു നല്‍കി. നിയമലംഘകര്‍ക്കു താമസ സൗകര്യം നല്‍കരുതെന്നു സൗദിയിലെ കെട്ടിടമുടമകളോട് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.നവംബര്‍ മൂന്നിനു ശേഷം നിയമലംഘകര്‍ക്ക് ഒരു ഇളവും അനുവദിക്കില്ലെന്നും ശക്തമായ ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്നും ഇരു മന്ത്രാലയങ്ങളും മുന്നറിയിപ്പു നല്‍കി.

നിയമലംഘകരെക്കുറിച്ചു വിവരം ലഭിച്ചാല്‍ അത് മന്ത്രാലയത്തെ അറിയിക്കേണ്ട ചുമതല എല്ലാ പൗരന്മാര്‍ക്കുമുണ്ട്‌. സമയപരിധിക്കുശേഷം ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തും. പദവി ശരിയാക്കല്‍ കേന്ദ്രങ്ങളില്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ വളരെ സുതാര്യമാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നതും യാത്രാ സഹായം നല്‍കുന്നതും കുറ്റകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സമയപരിധി അവസാനിക്കുന്നത് വരെ ലേബര്‍ ഓഫീസുകള്‍ വൈകുന്നേരം ആറു മണി വരെ പ്രവര്‍ത്തിക്കും.