ന്യൂഡല്‍ഹി: രാജ്യത്തിന്റെ പലഭാഗത്തും സവാള വില 100 രൂപയിലെത്തി. ജമ്മു കശ്മീര്‍, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഉള്ളിയുടെ വില സര്‍വകാല റെക്കോഡിലെത്തിയത്. ഡല്‍ഹിയില്‍ 90 രൂപയാണ് വില.കേരളത്തില്‍ പലയിടത്തും 60 രൂപമുതല്‍ 65 വരെയാണ് വില. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം 80 രൂപയ്ക്ക് മുകളിലാണ് ഉള്ളിവില. ഖാരിഫ് വിളവ് പ്രതീക്ഷിച്ച തോതില്‍ ലഭിക്കാതിരുന്നതാണ് വില കുതിച്ചുയരാനിടയായത്. ശ്രീനഗര്‍, പട്‌ന, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ് 100 രൂപ.

വില നിയന്ത്രിക്കുന്നതിന് സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചൈന, തുര്‍ക്കി, അഫ്ഗാനിസ്താന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി സാധ്യതയാണ് പരിശോധിക്കുന്നത്. സവാള കയറ്റുമതി നിരോധിക്കുന്നകാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വിലനിയന്ത്രണം ചര്‍ച്ചചെയ്യുന്നതിന് ഭാഗമായി ഭക്ഷ്യമന്ത്രാലയം ഡല്‍ഹിയില്‍ 25ന് യോഗം ചേരും.