mohanlal-rishiraj-singh-applause

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ വരുത്തിയ മാറ്റങ്ങളില്‍ ഋഷിരാജ് സിങ്ങിനെ അഭിനന്ദിച്ചുകൊണ്ട് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിന് ഋഷിരാജ് സിങ്ങിന്റെ മറുപടി.അഭിനന്ദനത്തിന് താന്‍ ഒരാള്‍ മാത്രം അര്‍ഹനല്ലെന്നും മോട്ടോര്‍ വാഹന വകുപ്പിലെ നിരവധി പേരുടെ സഹായത്തോടെയാണ് ഇപ്പോള്‍ കാണുന്ന രീതിയിലുള്ള മാറ്റങ്ങളെല്ലാം വരുത്താന്‍ സാധിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു.തനിക്ക് പിന്തുണ നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളോടും പോലീസ് ഉദ്യോഗസ്ഥരോടും ഋഷിരാജ് സിങ് നന്ദി പറഞ്ഞു. മോഹന്‍ലാലിനെ പോലെ താന്‍ ആരാധിക്കുന്ന ഒരാളുടെ പ്രശംസ നേടാനായതില്‍ ഏറെ അഭിമാനിക്കുന്നതായും ഋഷിരാജ് സിങ് പറഞ്ഞു.മോഹന്‍ലാലിനെ ആരാധിക്കുന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമ നിരവധി തവണ കണ്ടിട്ടുണ്ട്. മോഹന്‍ലാലിനെ അടുത്തുകാണാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്- ഋഷിരാജ് സിങ് പറഞ്ഞു.

താനടക്കമുള്ളവരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി റോഡിന് നടുവില്‍ രക്ഷകനായി ഒരാള്‍ എത്തിയിരിക്കുന്നു. അഴകുള്ള മീശയും ആരെടാ എന്ന ഭാവവുമായി ഒരാള്‍’.’ഋഷിരാജ് സിംഗ് താങ്കളാണ് സൂപ്പര്‍സ്റ്റാര്‍’ എന്ന തലക്കെട്ടോടെ ബ്‌ളോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉടനീളം ലാല്‍ ഋഷിരാജ് സിങിനെ പ്രകീര്‍ത്തിക്കുന്നുണ്ട്. ഋഷിരാജ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായതോടെ വാഹനാപകടങ്ങള്‍ കുറഞ്ഞതായും റോഡ് യാത്രയ്ക്ക് താളം വന്നതായും ലാല്‍ എഴുതിയിരുന്നു.ഇ. ശ്രീധരനെയും മോഹന്‍ലാല്‍ ബ്‌ളോഗില്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. ശ്രീധരന്റെയും ഋഷിരാജിന്റെയും മാതൃക നമ്മുടെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പിന്തുടര്‍ന്നാല്‍ കേരളം ലോകത്തിന് തന്നെ മാതൃകയാകുമെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു.