കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജിനെതിരായ ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. ഇക്കാര്യം എജി ഹൈക്കോടതിയെ അറിയിച്ചു.ഭൂമി തട്ടിപ്പില്‍ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു എജിയുടെ പ്രതികരണം.ഭൂമി തട്ടിപ്പ് സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഭൂമി തട്ടിപ്പ് സംബന്ധിച്ച എറണാകുളം സ്വദേശിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് എജി കോടതിയെ അറിയിച്ചു.വസ്തു തട്ടിപ്പ് കേസിലെ ഇതുവരെയുള്ള വിവാദങ്ങള്‍ വിലയിരുത്തുമ്പോള്‍ സലിംരാജ് വെറുമൊരു ഗണ്‍മാനല്ല, അധികാരകേന്ദ്രമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷിച്ചു.അതേസമയം ഭൂമിയിടപാടിനെ കുറിച്ച് അന്വേഷിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.

ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.സലീംരാജ് തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സമാനമായ കേസുകളില്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്നും ഈ കേസുകള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.സലിം രാജിന്റെ ഭാര്യ റവന്യൂവകുപ്പില്‍ ലാന്‍ഡ് റവന്യൂ ബോര്‍ഡിലാണ് ജോലിചെയ്യുന്നത്. ഇവര്‍ക്ക് ഈ തട്ടിപ്പില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

സലിംരാജിനെതിരായ ഭൂമി തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ എന്തിന് അന്വേഷണത്തെ എതിര്‍ക്കുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. ഭൂമിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം നടക്കവെയായിരുന്നു കോടതി പരാമര്‍ശം.സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നോ എന്ന് കോടതി ചോദിച്ചപ്പോള്‍ എജി ഇല്ല എന്നാണ് മറുപടി നല്‍കിയത്. ഇക്കാര്യം സത്യവാങ്മൂലമായി നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 12 വര്‍ഷമായി തുടരുന്ന സിവില്‍ കേസാണ് ഇതെന്നും എജി കോടതിയെ അറിയിച്ചിരുന്നു