മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം.ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സ് വ്യാഴാഴ്ച രാവിലെ വ്യാപാരത്തിനിടെ 21,000 ഭേദിച്ചു. 250ലേറെ പോയന്റിന്റെ നേട്ടവുമായി 21036.66ലേക്കാണ് സൂചിക ഉയര്‍ന്നത്. 2010 നവംബറിന് ശേഷം ഇതാദ്യമായാണ് സെന്‍സെക്‌സ് ഈ കടമ്പ കടക്കുന്നത്.

നിഫ്റ്റി 69.30 പോയന്റിന്റെ നേട്ടവുമായി 6,247.65ലാണ്. റിയല്‍ എസ്‌റ്റേറ്റ്, എണ്ണ-വാതകം, ബാങ്കിങ് എന്നിവ ഉള്‍പ്പെടെ സകല മേഖലകളും നേട്ടത്തിലാണ്.2008 ജനവരി എട്ടിനാണ് സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 21,000 ഭേദിച്ചത്. അന്നു വ്യാപാരത്തിനിടെ 21,078 വരെ ഉയര്‍ന്നെങ്കിലും 20,873ലായിരുന്നു ക്ലോസിങ്. പിന്നീട് കൂപ്പുകുത്തിയ വിപണി തിരിച്ചുകയറി 2010 നവംബറില്‍ വീണ്ടും 21,000 ഭേദിച്ചു. അന്ന് 21,000നു മുകളില്‍ ക്ലോസ് ചെയ്യാന്‍ സൂചികയ്ക്ക് കഴിഞ്ഞു. 21,004.96ലായിരുന്നു അന്നത്തെ ക്ലോസിങ്. അതിനുശേഷം ഇപ്പോഴാണ് സെന്‍സെക്‌സ് 21,000 ഭേദിക്കുന്നത്. ദീപാവലിയോടെ ഓഹരി വിപണി പുതിയ ഉയരം കുറിയ്ക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ സിപ്ല, കോള്‍ ഇന്ത്യ എന്നിവ ഒഴികെ 28 എണ്ണവും നേട്ടത്തില്‍ . ഭാരതി എയര്‍ടെല്‍ , ടാറ്റാ മോട്ടോഴ്‌സ്, ഒഎന്‍ജിസി എന്നിവയുടെ ഓഹരി വില രണ്ടു ശതമാനത്തിലേറെയും ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ എന്നിവയുടേത് ഒന്നര ശതമാനത്തിലേറെയും ഉയര്‍ന്നു.