റാഞ്ചി: ധോണിയുടെ വീട്ടിന് നേരെ കല്ലേറ്. ബുധനാഴ്ച നടന്ന ഇന്ത്യ- ഓസ്ട്രേലിയ നാലാം ഏകദിനം മഴമൂലം ഉപേക്ഷിച്ചതിന് ശേഷമാണ് റാഞ്ചിയിലെ ധോണിയുടെ വീട്ടിന് നേരെ രാത്രി 9.30ന് കല്ലേറ് ഉണ്ടായത്.റാഞ്ചിയിലെ ഹര്‍മ്മു ഹൗസിംങ് ബോര്‍ഡ് കോളനിയിലാണ് ധോണിയുടെ വീട്. വീട്ടിന് മുന്നിലെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. ഇതേ സമയം ധോണിയുടെ കുടുംബം കളി നടന്ന ജെ.എസ്.സി.എ സ്റ്റേഡിയത്തിലായിരുന്നു.

എന്നാല്‍ സംഭവം സ്ഥിരീകരിക്കാന്‍ ധോണിയുടെ കുടുംബം തയ്യാറായിട്ടില്ല. ഇത് മൂന്നാമത്തെ തവണയാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുന്നത്.സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് ചെയ്തവരെ പിടിക്കാന്‍ സാധിക്കുമെന്ന് ധോണിയുടെ സഹോദരി ഭര്‍ത്താവ് ഗൗതം ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.അതേ സമയം ധോണിയുടെ വീട്ടില്‍ സുരക്ഷ ശക്തമാക്കുവാന്‍ റാഞ്ചി പോലീസ് തീരുമാനിച്ചിട്ടുണ്ട്. കല്ലേറിഞ്ഞവര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.