ബാംഗ്ലൂര്‍: വിശ്രുത പിന്നണി ഗായകന്‍ മന്നാഡേ(94) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ബാംഗ്ലൂൂരിലായിരുന്നു അന്ത്യം. ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചേ 3.50 ഓടെയായിരുന്നു മരണം.ചെമ്മീനിലെ മാനസ മൈനേ വരൂവിന് പുറമെ പി.ജയചന്ദ്രനൊപ്പം നെല്ലിലെ ചെമ്പാ ചെമ്പാ എന്നൊരു ഗാനം കൂടി പാടിയിട്ടുണ്ട് മന്നാഡെ.60-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് വൈകാരികമായ ഗാനങ്ങളിലൂടെയാണ് മന്നാഡേ തന്റെ സ്ഥാനം ഉറപ്പിച്ചത്. 1943-ലാണ് മന്നാഡേ സംഗീതജീവിതം ആരംഭിക്കുന്നത്. തമന്ന എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യമായി ഗാനമാലപിച്ചത്. മുഹമ്മദ്റാഫിയോടപ്പം ഹിന്ദി ചലച്ചിത്ര രംഗത്ത് സ്ഥാനം പിടിച്ച ഗായകനായിരുന്നു മന്നാഡേ.

ഏഴു പതിറ്റാണ്ടിലേറെക്കാലം സ്വാന്തമായ ആലാപനശൈലി കൊണ്ട് പിന്നണിഗാന രംഗത്ത് സജീവമായി നിലകൊണ്ട മന്നാഡെ എന്ന പ്രഭോത് ചന്ദ്ര ഡെ മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലായി 3,500-ഓളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. .യേ മേരി സോരാജാബീന്‍, പൂഛോ നാ കെയ്‌സേ, പ്യാര്‍ ഹുവാ ഇക്‌രാര്‍ ഹുവാ, ഇക് ചാഥുര്‍ നാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ സ്വരമാധുരിയില്‍ വിരിഞ്ഞ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായിരുന്നു. ചെമ്മീനിലെ മാനസമൈനേ എന്ന ഒറ്റ ഗാനം കൊണ്ട് അദ്ദേഹം മലയാളികള്‍ക്കു പ്രിയങ്കരനായി. ഹാര്‍മോണിയം, സിത്താര്‍, വീണ എന്നീ സംഗീതോപകരണങ്ങളില്‍ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.
പത്മഭൂഷണ്‍, പത്മശ്രീ, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

കണ്ണൂര്‍ സ്വദേശിയായ പരേതയായ സലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത. 2012ല്‍ ഭാര്യയുടെ മരണശേഷമാണ് മന്നാഡെ പിന്നണിഗാനരംഗത്തുന നിന്ന് ക്രമേണ പിന്‍വലിഞ്ഞത്. അതിനുശേഷം അമ്പതു വര്‍ഷത്തെ മുംബൈ വാസത്തിന് തിരശ്ശീലയിട്ട് ബാംഗ്ലൂരിലേയ്ക്ക് താമസം മാറ്റി. എന്നിട്ടും സ്‌റ്റേജ് പരിപാടികളില്‍ സജീവമായിരുന്നു അദ്ദേഹം. അവസാനകാലത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് പുതു തലമുറ ഗായകര്‍ക്കൊപ്പം പോലും അദ്ദേഹം പാടി. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ബാംഗ്ലൂരിലാണ് സംസ്‌കാരം.