ന്യുഡല്‍ഹി: ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിക്കാനിടയായ സംഭവത്തില്‍ കൊല്‍ക്കൊത്തയിലെ എഎംആര്‍ഐ ആശുപത്രിക്ക് വന്‍ പിഴശിക്ഷ. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ആശുപത്രി 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. രാജ്യത്ത് ഒരു ആശുപത്രിക്ക് ആദ്യമായാണ് ഇത്രയും വലിയ നഷ്ടപരിഹാര തുക പിഴശിക്ഷയായി ലഭിക്കുന്നത്.

വിദേശ ഇന്ത്യക്കാരനായ ഡോ. കുനാല്‍ സാഹയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി ആശുപത്രിക്കെതിരെ 5.96 കോടി രൂപ പിഴ ശിക്ഷവിധിച്ചത്.1998ലാണ് കുനാല്‍ സാഹയുടെ ഭാര്യ അനുരാധ ഷാ എഎംആര്‍ഐ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചത്. 2009ല്‍ കോടതിയുടെ പരിഗണനയ്ക്ക് വന്ന കേസ് ദേശീയ ഉപഭോക്തൃ കോടതിയുടെ പരിഗണനയ്ക്ക് വിടുകയും 1.7 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി വരികയും ചെയ്തിരുന്നു. എന്നാലിത് ഹര്‍ജിയുടെ ഗൗരവം പരിഗണിച്ച് സുപ്രീം കോടതി നഷ്ടപരിഹാരം 5.96 കോടി രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. കേസില്‍ കുറ്റാരോപിതരായ മൂന്നു ഡോക്ടര്‍മാരും പത്തു ലക്ഷം വീതം അനുരാധയുടെ ഭര്‍ത്താവ് ഡോ. കുനാല്‍ സാഹയ്ക്ക് നല്‍കണം. നഷ്ടപരിഹാരത്തില്‍ ശേഷിക്കുന്ന തുക ആശുപത്രിയാണ് നല്‍കേണ്ടത്. മൂന്നാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുക ആറ് ശതമാനം പലിശയടക്കി നല്‍കണമെന്നും വിധിയിലുണ്ട്.

1998 മെയിലാണ് എന്‍ആര്‍ഐ ഡോക്ടറായ അനുരാധാ സാഹ ചികിത്സാ പിഴവ് മൂലം മരിച്ചത്. കൊല്‍ക്കത്തയിലെ എഎംആര്‍ഐയിലെ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അനുരാധയെ മുംബൈയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് ഇവര്‍ മരിച്ചത്. എഎംആര്‍ഐയില്‍ നിന്നും സ്റ്റീറോയിഡ് അമിതമായ അളവില്‍ നല്‍കിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് അനുരാധാ സാഹയുടെ ഭര്‍ത്താവ് ഡോ. കുനാല്‍ സാഹ നടത്തിയ 15 വര്‍ഷത്തെ ശക്തമായ നിയമയുദ്ധത്തിനൊടുവിലാണ് ആശുപത്രിക്കെതിരെ 5.96 കോടി രൂപയുടെ പിഴ ചുമത്തിക്കൊണ്ടുള്ള ചരിത്ര വിധി വന്നത്. വിധിയില്‍ താന്‍ തൃപ്തനാണെന്ന് കുനാല്‍ സാഹ വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്ന ആശുപത്രികള്‍ക്കുള്ള ശക്തമായ സന്ദേശമാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.