ന്യൂഡല്‍ഹി: വിലകുറഞ്ഞ മോട്ടോര്‍സൈക്കിളായ ഡിസ്‌കവറിന്റെ പുതിയ വേരിയന്റ് 100 എം ബജാജ് ഓട്ടോ വിപണിയിലിറക്കി.102 സി സി ഡി ടി എസ് -ഐ നാലുവാല്‍വ് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 9.3 പി എസ് പരമാവധി കരുത്തും 9.02 എന്‍ എം പരവാമധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍.ഡിസ്‌കവര്‍ 100 ടിയിലുള്ള അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് എമ്മിലില്ല. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്.ഡ്രംബ്രേക്ക്, ഡിസ്‌ക് ബ്രേക്ക് വേരിയന്റുകള്‍ക്ക് യഥാക്രമം 46,000 ഉം 49,000 വുമാണ് എക്‌സ് ഷോറൂംവില.

ലിറ്ററിന് 70 മുതല്‍ 75 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത. മണിക്കൂറില്‍ 95 കിലോമീറ്ററാണ് പരമാവധി വേഗം. ഡ്യുവല്‍ ക്രേഡില്‍ സ്റ്റീല്‍ ഫ്രെയ്മിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് സസ്‌പെന്‍ഷനും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഡാമ്പറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ലീക് രൂപഭംഗിയുള്ളതാണ് ബോഡി. വെബ് സ്‌പോക് അലോയ് വീലുകള്‍ക്കും എന്‍ജിനും അനുബന്ധ ഘടകങ്ങള്‍ക്കുമെല്ലാം കറുത്ത നിറമാണ്. ചുവപ്പും നീലയും നിറങ്ങളിലാണ് ഡിസ്‌കവര്‍ വിപണിയിലെത്തുന്നത്.