ന്യൂഡല്‍ഹി: ഒരു കുടുംബത്തില്‍ ഒന്നിലേറെ മോട്ടോര്‍ വാഹനങ്ങളുണ്ടെങ്കില്‍ രണ്ടാം വാഹനത്തിന് മുതല്‍ കൂടുതല്‍ നികുതി ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതിന് ഉടന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. ദമ്പതികള്‍ക്ക് ഒരു വാഹനമാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹിയില്‍ ഗതാഗത വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പത്തുലക്ഷത്തിലധികം രൂപ വിലയുള്ള വാഹനങ്ങളുടെ നികുതി തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കണമെന്ന് യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. പത്തുലക്ഷത്തിലേറെ വിലവരുന്ന വാഹനങ്ങള്‍ക്ക് സ്ലാബ് അടിസ്ഥാനത്തില്‍ ആഡംബരനികുതി ഏര്‍പ്പെടുത്തും. വാഹനനികുതിയായി 1,600 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. എന്നാല്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 3000 കോടിയിലധികം രൂപ ചെലവാക്കുന്നുണ്ട്.വാഹനങ്ങളുടെ നികുതി, വില്‍പ്പനവിലയുടെ ആറ് ശതമാനമാക്കണമെന്ന കേന്ദ്രനിര്‍ദേശം സംസ്ഥാനത്തിന് നികുതിവരുമാനം നഷ്ടപ്പെടുത്തും. അതുണ്ടാവാത്ത രീതിയിലാവണം കേന്ദ്രം തീരുമാനമെടുക്കേണ്ടതെന്ന് ആര്യാടന്‍ പറഞ്ഞു.

നിലവില്‍, സംസ്ഥാനത്ത് ആറ് മുതല്‍ 15 ശതമാനം വരെ നികുതിയുണ്ട്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ കേരളത്തിന് കനത്ത നികുതിനഷ്ടമുണ്ടാക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഏകീകൃത നികുതിസമ്പ്രദായം നടപ്പാക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് മറ്റ് നികുതികള്‍ ഏര്‍പ്പെടുത്തി വരുമാനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാന ബജറ്റില്‍നിന്ന് നീക്കിവെക്കുന്ന തുകയാണ് ഇതിനുപയോഗിക്കുന്നത്.ഗതാഗത നിയമലംഘനത്തിന് ഈടാക്കുന്ന 100 രൂപ വരെയുള്ള പിഴകള്‍ 1000 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ട്.