മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നിലവില്‍ വരും. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മേല്‍നേട്ടത്തില്‍ നടന്ന പഠന റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിസാ ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
വിദേശസഞ്ചാരികള്‍ക്ക് ഗള്‍ഫ് കൗണ്‍സില്‍ അംഗ രാജ്യങ്ങളിലേക്ക് ഒരു വിസയില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്നത് രാജ്യങ്ങള്‍ക്കിടയിലെ ടൂറിസം സഹകരണത്തിനും സഞ്ചാരികളുടെ സുഗമമായ സഞ്ചാരത്തിനും വഴിവെക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് ഇത് സഹായിക്കും. കൂടുതല്‍ സഞ്ചാരികളെത്തുന്നത് സ്വദേശികള്‍ക്കും വിവിധ സംരംഭങ്ങള്‍ക്ക് അവസരമൊരുക്കും. ചെലവ് കുറഞ്ഞ മാര്‍ഗമായത് സഞ്ചാരികള്‍ക്കും ഏറെ സൗകര്യമൊരുക്കും.

യു.എ.ഇ., സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളോട് ഏകീകൃത ടൂറിസ്റ്റ് വിസയ്ക്കുള്ള നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടിയിരിക്കുകയാണ്. വിനോദസഞ്ചാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഏകീകൃത രൂപത്തില്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നതിനും യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള നടപടികളാണ് പ്രധാനമായും പൂര്‍ത്തിയാക്കേണ്ടത്. യൂറോപ്യന്‍ യൂണിയനു കീഴിലെ രാജ്യങ്ങളില്‍ സഞ്ചാരികള്‍ക്ക് ഒരേ വിസയില്‍ യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ ഷെംഗന്‍ വിസയുടെ മാതൃകയിലാണ് ജി.സി.സി.യിലും ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. യൂറോപ്യന്‍ യൂണിയന് കീഴിലെ എല്ലാ രാജ്യങ്ങളിലും അതിര്‍ത്തിയില്‍ ഏകീകൃത ടൂറിസ്റ്റ് വിസ ഹാജരക്കുന്നവര്‍ക്ക് മുഴുവന്‍ രാജ്യങ്ങളിലും യാത്ര എളുപ്പമാകും.