തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ഭൂമി തട്ടിപ്പ് കേസില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിജിലന്‍സ് ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.ഇത് സംബന്ധിച്ച് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആഴ്ച്ചകള്‍ക്ക് മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു.സംസ്ഥാനത്തെ ഏട്ട് ജില്ലകളിലായി ഒരു ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ഡയറക്ടര്‍ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ച സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന വിജിലന്‍സ് ഡിവൈഎസ്പി നന്ദനം പിള്ളയെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. സ്ഥാനമൊഴിയുന്നതിന് മുമ്പ് തന്നെ നന്ദനം പിള്ള അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പിക്ക് കൈമാറി. വ്യാജ പട്ടയങ്ങളും പ്രമാണങ്ങളും ചമച്ചാണ് ഹാരിസണ്‍ ഭൂമി തട്ടിയെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ഹാരിസണ്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരന്നു.