കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിന്റെ സാമ്പത്തിക സ്രോതസ് എന്താണെന്ന് ഹൈക്കോടതി. സലിംരാജ് ആരുടെയെങ്കിലും ബിനാമിയാണോ,കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്താന്‍ സലിം രാജിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നും കോടതി ചോദിച്ചു അതേസമയം സലിം രാജിന്റെ ഭാര്യയെ ലാന്റ് റവന്യു കമ്മീഷണറുടെ ഓഫീസിലേക്ക് സ്ഥലം മാറ്റിയത് അപേക്ഷ പ്രകാരമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. സലിം രാജിന്റെ ഭാര്യ എങ്ങനെ ഏഴ് മാസത്തെ ഡപ്യൂട്ടേഷനില്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഓഫീസില്‍ എത്തിയെന്നാണ് ഇന്നലെ കോടതി ചോദിച്ചത്. ഏത് സാഹചര്യത്തില്‍ ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡപ്യുട്ടേഷനെന്ന് ഉടന്‍ അറിയിക്കണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

സലിം രാജിനെതിരായ ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം എജി ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെടുകയും ചെയ്തു.