ദോഹ: പഴയ ടയറുകള്‍ റോഡ് നിര്‍മാണത്തിനുപയോഗിക്കാന്‍ ദോഹയിലെ പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. റോഡുകളുടെ ആയുസ് വര്‍ധിപ്പിക്കുന്നതോടൊപ്പം, ഉപയോഗ ശൂന്യമായ ടയറുകള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണി ഇല്ലാതാക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.ടയറുകള്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് 1997ലും 2000ലും പരീക്ഷണം നടത്തിയിരുന്നു.പൊതുമരാമത്തിന്‍റെ നേതൃത്വത്തില്‍ വിദേശ കണ്‍സള്‍ട്ടന്റുമാരുള്‍പ്പെടുന്ന സാങ്കേതിക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ പ്രയോഗത്തില്‍ വരുംവിധം പദ്ധതിയുമായി മുന്നോട്ടുപോവാനാണ് സമിതിയുടെ ശ്രമം.

പ്രതിവര്‍ഷം ഒന്നര ദശലക്ഷം മുതല്‍ രണ്ട് ദശലക്ഷം ടണ്‍ വരെ ഉപയോഗ ശൂന്യമായ ടയറുകള്‍ രാജ്യത്ത് കുന്നുകൂടുന്നതായാണ് കണക്കുകള്‍.നിലവില്‍ ഏതാണ്ട് 11 ദശ ലക്ഷം ടണ്‍ ടയറുകളാണ് രാജ്യത്ത് ഉപയോഗശൂന്യമായി കിടക്കുന്നത്.ടയറുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡുകള്‍ക്ക് ശരാശരി 50 വര്‍ഷത്തെ ആയുസുണ്ടാകുമെന്നും ഇത്തരം റോഡുകള്‍ക്ക് അറ്റകുറ്റപ്പണി വളരെ കുറഞ്ഞ രീതിയില്‍ മാത്രമേ നടത്തേണ്ടി വരികയുള്ളൂവെന്നുമാണ് വിലയിരുത്തല്‍. സാധാരണ ബിറ്റുമിന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡുകള്‍ക്ക് വേണ്ടിവരുന്ന ചെലവിന്റെ അഞ്ച് ശതമാനം കൂടുതല്‍ ഇതിന് വേണ്ടിവരുമെങ്കിലും ഇത് റോഡിന്റെ ഗുണനിലവാരവും അറ്റകുറ്റപ്പണി ചെലവും കണക്കാക്കുമ്പോള്‍ ലാഭകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.