വത്തിക്കാന്‍: അനീതിയുടെ ലോകത്ത് ദൈവം തടവറയിലാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ഇറ്റലിയിലെ ഒരു ജയില്‍ ചാപ്പലിലെ പുരോഹിതനുമൊന്നിച്ച് കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ദൈവം നമ്മുടെ അഹംഭാവത്തിന്‍റെയും അനീതിയുടെയും തടവറയിലാണ്. ദുര്‍ബലര്‍ ശിക്ഷിക്കപ്പെടുകയും വന്‍ സ്രാവുകള്‍ സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുമ്പോള്‍ ദൈവം തടവറയിലാണെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പപ്പ വിശദീകരിച്ചത്.നീതിസംവിധാനത്തെ പുനര്‍നിര്‍മ്മിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.തുറന്ന മനോഭാവമുള്ള, പുതിയ ചക്രവാളം തുറക്കുന്ന നീതിന്യായ വ്യവസ്ഥയാണ് ആവശ്യം.

അത്തരമൊരു നീതിന്യായവ്യവസ്ഥ സംഭവ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു.തടവുപുള്ളികളോട് അനുഭാവം പുലര്‍ത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ ഈസ്റ്റര്‍ കുര്‍ബാനയില്‍ ജയില്‍പുള്ളികളുടെ പാദം കഴുകിയത് വലിയ വാര്‍ത്തയായിരുന്നു. ഈസ്റ്റര്‍ ആചാരങ്ങളുടെ ഭാഗമായി നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയിലാണ് ഇറ്റലിയിലെ തടവുപുള്ളികളുടെ പാദം ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴുകിയത്.ഇറ്റലിയിലെ ജയിലുകളില്‍ തടവുപുള്ളികള്‍ നിറഞ്ഞ് കവിഞ്ഞത് ഏറെ നാളായുള്ള വാര്‍ത്തയാണ്. അതിനിടയിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിശദീകരണം