രാജസ്‌ഥാന്‍: അച്‌ഛനെയും മുത്തശ്ശിയെയുംപോലെ താനും കൊല്ലപ്പെട്ടേക്കാമെന്നു കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി.
ബി.ജെ.പി. വര്‍ഗീയാഗ്നിക്ക്‌ തിരികൊളുത്തുകയാണെന്നും പാര്‍ട്ടിയുടെ “വെറുപ്പിന്റെ രാഷ്‌ട്രീയം” രാജ്യത്തെ തകര്‍ക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സന്ദര്‍ശിച്ച്‌ ഹിന്ദുക്കളോടും മുസ്‌ലിംകളോടും സംസാരിച്ചപ്പോള്‍ അവരുടെ വാക്കുകളില്‍ സ്വന്തം കഥയാണു കേട്ടതെന്നും രാജസ്‌ഥാനിലെ ചുരുവില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോടു സംസാരിക്കവെ വികാരനിര്‍ഭരനായി രാഹുല്‍ പറഞ്ഞു.തന്‍റെ അമ്മൂമ്മയെ കൊലപ്പെടുത്തിയവരോട് തനിക്ക് ഏറെക്കാലം ദേഷ്യമുണ്ടായിരുന്നു. കാലം ചെല്ലുന്തോറും അതു മാറി. പക്ഷേ ഒന്നോ രണ്ടോ മിനിറ്റുകൾ മതി അത്തരം വിരോധങ്ങൾ ആളിക്കത്താനെന്ന് രാഹുൽ പറഞ്ഞു. ഇത്തരം ആളിക്കത്തലുകൾക്ക് പിന്നിൽ പലപ്പോഴും രാഷ്‌ട്രീയ പാർട്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. മുസാഫർനഗറിൽ കലാപത്തിൽ പെട്ടവരെ സന്ദർശിച്ചപ്പോൾ തനിക്കത് ബോദ്ധ്യപ്പെട്ടു.

“അവരുടെ ദുഃഖത്തില്‍ ഞാന്‍ എന്റെ മുഖമാണു കണ്ടത്‌. അതുകൊണ്ടാണ്‌ ഞാന്‍ ബി.ജെ.പിയുടെ രാഷ്‌ട്രീയത്തെ എതിര്‍ക്കുന്നത്‌. അവര്‍ മുസാഫര്‍ നഗര്‍ കത്തിക്കും.ഗുജറാത്ത്‌ കത്തിക്കും. യു.പിയും കാശ്‌മീരും കത്തിക്കും. ആ തീയണയ്‌ക്കാന്‍ നമ്മള്‍ തയാറാകണം. ഇത്തരം രാഷ്‌ട്രീയം വെറുപ്പിലേക്കും ക്ഷോഭത്തിലേക്കും നയിക്കും. അക്രമങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്‌ടമാകും.എന്റെ മുത്തശ്ശി കൊല്ലപ്പെട്ടു. അച്‌ഛന്‍ കൊല്ലപ്പെട്ടു. ഒരുനാള്‍ ഞാനും കൊല്ലപ്പെട്ടേക്കാം. എന്നാല്‍ ഞാനതു കാര്യമാക്കുന്നില്ല. ഹൃദയത്തില്‍നിന്നു വരുന്ന വാക്കുകളാണ്‌ ഞാന്‍ നിങ്ങളോടു പങ്കുവയ്‌ക്കുന്നത്‌.” രാഹുല്‍ പറഞ്ഞു.