ന്യൂഡൽഹി: കൽക്കരി ഇടപാടിൽ സി.ബി.ഐ അന്വേഷണം നേരിടാൻ തയാറാണെന്ന് പ്രധാനമന്ത്രി മൻമോഹൻസിംഗ് വ്യക്തമാക്കി.
സി.ബി.ഐക്ക് തന്നെ ചോദ്യം ചെയ്യണമെന്നുണ്ടെങ്കിൽ സഹകരിക്കും. ആരും നിയമത്തിന് അതീതരല്ല. തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്ര പാ‌ർലമെന്ററി കാര്യമന്ത്രി കമൽനാഥ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ആദിത്യ ബി‍ർള ഗ്രൂപ്പിന് കൽക്കരിപാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ കൽക്കരി സെക്രട്ടറി പി.സി. പരേഖിനെ സി.ബി.ഐ ചോദ്യം ചെയ്തതുമുതലാണ് സംശയത്തിന്റെ കുന്തമുനകൾ പ്രധാനമന്ത്രിക്കു നേരെ നീണ്ടത്.

കല്‍ക്കരിപ്പാടം കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖിനെതിരെ നേരത്തെ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.ഇതിന് പിന്നാലെ മന്‍മോഹന്‍ സിംഗിനെതിരെ പരേഖ് രംഗത്തെത്തുകയും ചെയ്തു. വ്യവസായി കുമാരമംഗളം ബിര്‍ളയുടെ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്‍മോഹന്‍ സിംഗിനുമെതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് പരേഖ് പ്രതികരിച്ചത്. കല്‍ക്കരിപ്പാടം അനുവദിച്ച് കൊണ്ടുള്ള ഫയലുകളില്‍ അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിംഗാണ്. അങ്ങനെയെങ്കില്‍ ഗൂഢാലോചനയില്‍ മൂന്നാം പ്രതി അദ്ദേഹമാണെന്നും പരേഖ് പറഞ്ഞിരുന്നു.അതേസമയം, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് 2005-ല്‍ അയച്ച കത്ത് പുറത്തായി. കല്‍ക്കരി മന്ത്രാലയത്തെ നിയന്ത്രിക്കുന്നത് മാഫിയകളെന്ന് ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പരാമര്‍ശം.