ഗുരുവായൂര്‍:ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാകമ്മീഷന്‍.ഒരു മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷനംഗം തുളസി പറഞ്ഞു.സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രായമായ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നത് പതിവാകുന്നു എന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണിത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം നൂറ് കണക്കിന് വൃദ്ധരാണ് ബന്ധുക്കളെ കാത്തിരിക്കുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയവരും ആത്മീയത തേടി വീട് വിട്ടിറങ്ങിയവരും ഇതിലുണ്ട്.

ക്ഷേത്രപരിസരങ്ങളില്‍ കഴിയുന്ന വൃദ്ധരുടെ എണ്ണം സംബന്ധിച്ച് ഗുരുവായൂരിലടക്കം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ യാതൊരു കണക്കുമില്ല. മനസമാധാനത്തിന് ക്ഷേത്രദര്‍ശനത്തിന് പോകണമെന്ന വാര്‍ധക്യത്തിന്റെ ആഗ്രഹത്തെ അച്ഛനമ്മമാരെ നടതള്ളാനുള്ള എളുപ്പവഴിയായി കാണുന്ന മക്കളുണ്ട്. മറ്റെല്ലാ പ്രതീക്ഷകളും അവസാനിച്ച് ക്ഷേത്രത്തില്‍ അഭയം തേടുന്ന സംഭവങ്ങളും ഉണ്ട്.പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും നടക്കുന്നില്ല.ആരുടെയെങ്കിലും കനിവ് കൊണ്ടാണ് ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിട്ടുന്നത്.