ലക്‌നോ:മുസാഫര്‍നഗറില്‍ കലാപത്തിന് ഇരയായവരില്‍ ചിലരെ പാകിസ്താനിലെ ഏജന്‍സികള്‍ തീവ്രവാദത്തിലേക്ക് കടക്കാന്‍ പ്രലോഭിപ്പിക്കുന്നുണ്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം പുരോഹിതര്‍ രംഗത്തുവന്നു. പാക് ചാര സംഘടന ഐഎസ്‌ഐയുമായി മുസാഫര്‍ നഗറിലെ മുസ്‌ലിം യുവാക്കള്‍ക്ക് ബന്ധമുണ്ടെന്ന പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് നേതാക്കള്‍ വ്യക്തമാക്കി. പ്രസ്താവന പിന്‍വലിച്ച് രാഹുല്‍ മാപ്പ് പറയണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

വര്‍ഗീയ ശക്തികള്‍ക്ക് സഹായകരമാകുന്ന പ്രസ്താവനയാണ് രാഹുലിന്റെതെന്ന് ഷിയാ വിഭാഗം നേതാവായ മൗലാനാ സയിഫ് അബ്ബാസ് നഖ്‌വി പറഞ്ഞു. മുസ്‌ലിം വിഭാഗത്തെ മോശമാക്കി ചിത്രീകരിക്കുകയാണ്. എന്നാല്‍ സമാധാനപൂര്‍ണ്ണമായി ജീവിക്കാനാഗ്രഹിക്കുന്ന നിരവധി രാജ്യസ്‌നേഹികളായ മുസ്‌ലീങ്ങള്‍ ഇവിടുണ്‌ടെന്നും അദ്ദേഹം വ്യക്തമാക്കി.മുസാഫര്‍ നഗറിലെ കലാപത്തില്‍പ്പെട്ടവരുടെ വേദന മനസിലാക്കാതെ മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും നഖ്‌വി കുറ്റപ്പെടുത്തി.ഈ പ്രസ്താവന വഴി രാഹുല്‍ മുസ്ലീങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പെഴ്‌സണല്‍ ലോ ബോര്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് മൗലാന കാല്‍ബെ പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പ്രചാരണസമ്മേളനത്തിലാണ് രാഹുല്‍ ഈ ആരോപണം ഉന്നയിച്ചത്. ബി.ജെ.പി.യാണ് കലാപത്തിന് തീ കൊളുത്തിയത് എന്നും രാഹുല്‍ ആരോപിച്ചിരുന്നു.രാഹുലിന്റെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ബി.ജെ.പി. നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.