ലണ്ടന്‍: 35 ലോക നേതാക്കന്‍മാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തി. മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍ കൈക്കലാക്കിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം പുറത്തു വിട്ടത്.ഏതൊക്കെ രാജ്യത്തലവന്‍മാരുടെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയത് എന്ന വിവരം പുറത്തു വന്നിട്ടില്ല.

അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി യാണ് ചോര്‍ത്തല്‍ നടത്തിയത്. മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥനാണ് എന്‍.എസ്.എയ്ക്ക് ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ എത്തിച്ചു കൊടുത്തതെന്നും 2006 ഒക്ടോബറിലെ എന്‍.എസ്.എ രേഖ വെളിപ്പെടുത്തുന്നു.ഫോണ്‍ ചോര്‍ത്തിയതിലൂടെ ലഭിച്ച വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് വൈറ്റ് ഹൌസ്, വിദേശകാര്യ മന്ത്രാലയം, പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ എന്‍.എസ്.ഐയോടു ആവശ്യപ്പെട്ടതിന്റെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

തങ്ങളുടെ രാഷ്ട്ര തലവന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജര്‍മനിയും ഫ്രാന്‍സും മെക്സിക്കോയും അമേരിക്കയോട് വിശദീകരണം തേടിയതിനു തൊട്ടു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. യൂറോപ്യന്‍ യൂനിയനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതുവരെ വൈറ്റ് ഹൌസ് നിഷേധിച്ചിട്ടില്ല. ഇനി അങ്ങനെ സംഭവിക്കില്ലെന്ന പ്രസ്താവന മാത്രമാണ് അമേരിക്കയില്‍നിന്നുണ്ടായത്.