കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി.അധികമാരേയും അറിയിക്കാതെ മരടിലെ മുകേഷിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. മരടിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു.ഇരുവരുടെയും രണ്ടാം വിവാഹമാണിത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌കാരവും ദേവികയെ തേടിയെത്തിയിട്ടുണ്ട്.നല്ലദിവസം നോക്കി പെട്ടെന്ന് വിവാഹം നടത്തുകയായിരുന്നുവെന്ന് മുകേഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഷൂട്ടിങ്ങിനായി ഉടന്‍ അമേരിക്കയിലേക്ക് പോകുന്ന മുകേഷ് തിരിച്ചെത്തിയാല്‍ വിവാഹസത്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.

ഇരുവരും ഏറെനാളായി അടുപ്പത്തിലായിരുന്നു. തെന്നിന്ത്യന്‍ താരം സരിതയെയാണ് മുകേഷ് ആദ്യം വിവാഹം കഴിച്ചത്. ഇവര്‍ പിന്നീട് വേര്‍പിരിഞ്ഞു. പാലക്കാട്ടെ പ്രസിദ്ധമായ മേതില്‍ കുടുംബാംഗമായ ദേവിക ഇന്ത്യയിലെ അറിയപ്പെടുന്ന നര്‍ത്തകിമാരില്‍ ഒരാളാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണമെഡലോടെ എം.ബി.എ. ബിരുദം നേടിയ ഇവര്‍ കൊല്‍ക്കത്ത രബീന്ദ്ര ഭാരതി സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റേഴ്‌സ് നേടിയതും സ്വര്‍ണമെഡലോടെയാണ്. പാലക്കാട്ടെ ശ്രീപദ നാട്യക്കളരിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ദേവിക കലാമണ്ഡലത്തില്‍ അധ്യാപികയുമായിരുന്നു.