തിരുവനന്തപുരം: പി.എസ്.സി വഴിയല്ലാതെയുള്ള സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി.തൊഴില്‍തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ നിയമനം കിട്ടുന്നവരുടെ തിരിച്ചറിയല്‍ ഉറപ്പാക്കാനാണിത്.ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിഭാഗത്തിലും സമാശ്വാസ വിഭാഗത്തിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും നിയമനം നേടുന്നവര്‍ക്ക് ഇത് ബാധകമാവും. നിയമനസമയത്ത് ആധാര്‍ ലഭിക്കാത്തവര്‍ ഫോട്ടോപതിപ്പിച്ച വോട്ടര്‍കാര്‍ഡോ പാന്‍കാര്‍ഡോ ഹാജരാക്കണം.

പി.എസ്.സി വഴി നിയമനം ലഭിച്ചവര്‍ക്ക് പരിശോധന നടത്തി പി.എസ്.സി തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് കിട്ടിയശേഷമേ പ്രൊബേഷന്‍ കാലാവധി അവസാനിച്ചതായി പ്രഖ്യാപിക്കുകയുള്ളൂ. എന്നാല്‍ പി.എസ്.സി യിലൂടെ അല്ലാതെ നിയമനം കിട്ടുന്നവരുടെ നിയമനം ഉറപ്പാക്കാന്‍ ഇപ്പോള്‍ മാര്‍ഗമില്ല. ഈ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. നിയമന ഉത്തരവില്‍ പന്ത്രണ്ടക്ക ആധാര്‍നമ്പര്‍ രേഖപ്പെടുത്തുകയും വേണം. ഇത് നിയമന അധികൃതര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.