നെടുമ്പാശേരി: എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ശൈത്യകാല വിമാന സമയക്രമം 27ന് നിലവില്‍ വരും.പുതിയ സമയക്രമത്തില്‍ കൊച്ചി-ദുബായ്-കൊച്ചി വിമാനസമയം മാറ്റിയിട്ടുണ്ട്. നിത്യേന പുലര്‍ച്ചെ 4.40ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്ന വിമാനം 27മുതല്‍ വൈകീട്ട് 4നായിരിക്കും പുറപ്പെടുക.പുലര്‍ച്ചെ 12.15ന് ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനം ഇനി പുലര്‍ച്ചെ 1.10നായിരിക്കും എത്തുക. യാത്രക്കാരുടെ അഭിപ്രായം കണക്കിലെടുത്താണ് ദുബായ് വിമാന സമയത്തില്‍ മാറ്റം വരുത്തിയത്.

കോഴിക്കോട് നിന്ന് ദുബായ്, മസ്‌ക്കറ്റ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് നിത്യേന സര്‍വീസ് ഉണ്ട്. ദമാമിലേക്ക് ആഴ്ചയില്‍ നേരിട്ട് രണ്ട് സര്‍വീസും കൊച്ചി വഴി രണ്ട് സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്. കുവൈറ്റിലേക്ക് മൂന്നും സലാലയിലേക്കും അല്‍ അയ്‌നിലേക്കും ഒന്നുവീതവും സര്‍വീസുകളാണുള്ളത്. കോഴിക്കോട്ട് നിന്ന് ഗള്‍ഫിലേക്ക് ആഴ്ചയില്‍ 37സര്‍വീസുകളാണ് മൊത്തമുള്ളത്.കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേക്ക് ആഴ്ചയില്‍ മൊത്തം 31 സര്‍വീസുകളുണ്ട്. അബുദാബി, ദുബായ്, ദോഹ-ബഹ്‌റിന്‍ എന്നിവിടങ്ങളിലേക്ക് നിത്യേന സര്‍വീസ് ഒരുക്കിയിട്ടുണ്ട്. ദോഹ-ബഹ്‌റിന്‍ സര്‍വീസ് കോഴിക്കോട് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാര്‍ജയിലേക്ക് ആഴ്ചയില്‍ നാലും മസ്‌ക്കറ്റിലേക്ക് മൂന്നും മംഗലാപുരം വഴി കുവൈറ്റിലേക്ക് മൂന്നും സര്‍വീസുകളാണുള്ളത്.

തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക് നിത്യേനയും ദുബായിലേക്ക് ആഴ്ചയില്‍ അഞ്ചും മസ്‌ക്കറ്റിലേക്കും ഷാര്‍ജയിലേക്കും മൂന്നുവീതവും സര്‍വീസ് ഉണ്ട്. സലാലയിലേക്ക് നേരിട്ടും കൊച്ചിവഴിയും ഓരോ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മൊത്തം 20 സര്‍വീസുകളാണ് ഗള്‍ഫിലേക്കുള്ളത്.മംഗലാപുരത്തുനിന്ന് ദുബായിലേക്ക് നിത്യേന രണ്ട് സര്‍വീസ് വീതമുണ്ട്. അബുദാബിവഴി മസ്‌ക്കറ്റിലേക്ക് മൂന്നും ബഹ്‌റിനിലേക്കും ദോഹയിലേക്കും രണ്ടു വീതവും സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഗള്‍ഫിലേക്ക് മൊത്തം 21 സര്‍വീസുകളാണുള്ളത്.കോഴിക്കോട് നിന്ന് മുംബൈയ്ക്ക് ആഴ്ചയില്‍ മൂന്നും തിരുവനന്തപുരത്തേക്ക് ഒരു സര്‍വീസും ഉണ്ട്. കൊച്ചിയില്‍ നിന്ന് മുംബൈയ്ക്ക് ആഴ്ചയില്‍ നാലും തിരുവനന്തപുരത്തേക്ക് ഒരു സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മുംബൈയ്ക്ക് ആഴ്ചയില്‍ മൂന്നുസര്‍വീസുകളാണുള്ളത്. മംഗലാപുരത്തുനിന്ന് മുംബൈയ്ക്കും ബാംഗ്ലൂര്‍ക്കും 4 സര്‍വീസ് വീതം ഏര്‍പ്പെടുത്തി.