ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം വിതരണക്കേസില്‍ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമറി. മറുപടിക്കനുസരിച്ചായിരിക്കും ചോദ്യംചെയ്യണമോയെന്ന് തീരുമാനിക്കകയെന്നും സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.കേസില്‍ ഒന്നും മറച്ചവെക്കാനില്ലെന്നും സി.ബി.ഐക്ക് തന്നെ ചോദ്യംചെയ്യാമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസില്‍ ഇതുവരെ 14 പ്രഥമവിവര റിപ്പോര്‍ട്ടുകളാണ് സി.ബി.ഐ ഫയല്‍ ചെയ്തത്. പരാഖിനെയും കുമാരമംഗലം ബിര്‍ളയെയും പ്രതിചേര്‍ത്ത് അവസാനം രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിക്ക് ചോദ്യാവലി നല്‍കിയത്.2005 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. തീരുമാനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അത് പൂര്‍ണമായും ശരിയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസി(പി.എം.ഒ)ന്റെ നിലപാട്.

തലബീര കല്‍ക്കരിപ്പാടങ്ങള്‍ ഹിന്‍ഡാല്‍കോയ്ക്ക് നല്‍കാനുള്ള അന്തിമതീരുമാനമെടുക്കും മുമ്പ് ഫയലുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടിരുന്നതായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. ഹിന്‍ഡാല്‍കോയ്ക്ക് പാടം അനുവദിക്കാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ശുപാര്‍ശയുമുണ്ടായിരുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.കല്‍ക്കരിപ്പാടം കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖിനെതിരെ നേരത്തെ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ മന്‍മോഹന്‍ സിംഗിനെതിരെ പരേഖ് രംഗത്തെത്തുകയും ചെയ്തു. വ്യവസായി കുമാരമംഗളം ബിര്‍ളയുടെ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്‍മോഹന്‍ സിംഗിനുമെതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് പരേഖ് പ്രതികരിച്ചത്. കല്‍ക്കരിപ്പാടം അനുവദിച്ച് കൊണ്ടുള്ള ഫയലുകളില്‍ അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിംഗാണ്. അങ്ങനെയെങ്കില്‍ ഗൂഢാലോചനയില്‍ മൂന്നാം പ്രതി അദ്ദേഹമാണെന്നും പരേഖ് പറഞ്ഞിരുന്നു.