കൊച്ചി: കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കില്‍ വിദേശ ഓഹരി പങ്കാളിത്തം 74 ശതമാനമായി ഉയര്‍ത്താന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കി. ഇതുവഴി ഏതാണ്ട് 1,400 കോടി രൂപയുടെ വിദേശ നിക്ഷേപമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സപ്തംബര്‍ 30ലെ കണക്കനുസരിച്ച് ഫെഡറല്‍ ബാങ്കില്‍ 44.11 ശതമാനം ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കൈവശമാണ്. ഇത് ഇടയ്ക്ക് 49 ശതമാനം കടന്നതോടെയാണ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ഫെഡറല്‍ ബാങ്ക്, എഫ്‌ഐപിബിയുടെ അനുമതി തേടിയത്. വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്താന്‍ അനുമതി ലഭിച്ച ആദ്യ കേരള ബാങ്കാണ് ഫെഡറല്‍ ബാങ്ക്.

സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയുടെ കൂടി അനുമതിയേ ഇനി ആവശ്യമുള്ളൂ. ഫെഡറല്‍ ബാങ്ക് ഈയിടെ ഓഹരി മുഖവില പത്തു രൂപയില്‍നിന്ന് രണ്ടു രൂപയിലേക്കു വിഭജിച്ചിരുന്നു. ഓഹരി വിപണിയില്‍ ഫെഡറല്‍ ബാങ്ക് ഇന്നു നേട്ടമുണ്ടാക്കി. രണ്ടു മാസം മുന്‍പ് ആക്സിസ് ബാങ്കും ഫെഡറല്‍ ബാങ്കും ഇക്കാര്യത്തിനായി വിദേശ നിക്ഷേപ ബോര്‍ഡിനോട് അനുമതി ചോദിച്ചെങ്കിലും ആക്സിസ് ബാങ്കിന് ഉടന്‍ അനുമതി ലഭിച്ചിരുന്നു.