കൊച്ചി:രക്തച്ചൊരിച്ചില്‍ ഉണ്ടായാലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും പള്ളിയില്‍ പ്രവേശിക്കാനോ പ്രാര്‍ഥന നടത്താനോ യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

പോലീസ് സംരക്ഷണത്തിലൂടെയും കോടതിയിലെ വ്യവഹാരങ്ങളിലൂടെയും പരിഹരിക്കേണ്ട ഒരു പ്രശ്‌നമല്ല ഇത്. പരസ്പര ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്-കോടതി പറഞ്ഞു. ഹര്‍ജി മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹര്‍ജി കോടതിയുടെ മീഡിയേഷന്‍ സെന്ററിന്റെ പരിഗണനയ്ക്കായി നല്‍കി. അടുത്ത ശനിയാഴ്ച ഇരു വിഭാഗങ്ങളോടും മാധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.അധികാരവും പണവുമുള്ള പള്ളികളില്‍ മാത്രമാണ് തര്‍ക്കവും അടിയും നടക്കുന്നത്. മേല്‍ക്കൂര പോലുമില്ലാ പള്ളികളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. അവിടെ അധികാരത്തിനുവേണ്ടിയുള്ള തര്‍ക്കമൊന്നും നടക്കുന്നില്ല-ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ നിരീക്ഷിച്ചു.

കോലഞ്ചേരി പള്ളിയില്‍ 1934ലെ സഭാ ഭരണഘടനയാണ് ബാധകമെന്ന് ഹൈക്കോടതി ഒക്‌ടോബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് എറണാകുളം അഡിഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. പള്ളിയുടെ താക്കോലിന് ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ജേക്കബ് കുര്യന് അര്‍ഹതയുണ്ടെന്ന ജില്ലാ കോടതിയുടെ വിധിയും ഹൈക്കോടതി ശരിവച്ചിരുന്നു.