കൊച്ചി: കടകംപള്ളി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങളുടെ കയ്യടി നേടാന്‍ വേറെ വഴി നോക്കണമെന്ന് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്. അയാള്‍ നിയമം പഠിച്ചിട്ടുണ്ടോ? എത്ര ക്ലാസ് വരെ പഠിച്ചിട്ടുണ്ട് ? വയസായതുകൊണ്ടു കാര്യമില്ല. ഒന്നും അറിയില്ലെങ്കില്‍ കോടതിയില്‍ വന്നാല്‍ താന്‍ നിയമം പഠിപ്പിച്ചുകൊടുക്കാമെന്നും ഹാറൂണ്‍ അല്‍ റഷീദ് പറഞ്ഞു. സലിംരാജിനെ കോടതിക്ക് ഭയമാണെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.

യാതൊരുവിധ ഭയമോ വിദ്വേഷമോ ഇല്ലാതെയാണ് കോടതി പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ചയാളാണോ കോടതിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കോടതി ചോദിച്ചു.സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് വിഎസ് നേരത്തെ ആരോപിച്ചിരുന്നു. സലിംരാജിന് പിന്നില്‍ സ്വാധീനമുള്ള ശക്തിയെന്ന് മാത്രമാണ് പറയുന്നത്. ആരെന്ന് പേര് പറയാന്‍ കോടതി മടിക്കുകയാണ്. വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നത് പോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതി തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.തിരുവനന്തപുരം കടകംപള്ളിയില്‍ തട്ടിപ്പിനിരയായവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുവെയായിരുന്നു വിഎസ്സിന്റെ വിമര്‍ശനം.