കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാളെ നടക്കാനിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായ അദ്ദേഹത്തിന് രണ്ടുദിവസത്തെ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.എന്നാല്‍ പരിപാടി മാറ്റിവെക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.രക്തസമ്മര്‍ദ്ദ നിരക്ക് വ്യത്യാസപ്പെടുന്നത് ആരോഗ്യനിലയെ ബാധിക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. കൊല്ലത്തെ ജനസമ്പര്‍ക്ക് പരിപാടി ഒക്ടോബര്‍ 31 വ്യാഴാഴ്ച നടക്കുമെന്നാണ് സൂചന. ഇന്നു വൈകീട്ടോടെ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. നാളെയും മാറ്റന്നാളും മുഖ്യമന്ത്രിയുടെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രഖ്യാപിച്ചിരുന്ന അവധിയും 31ലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ ബി. മോഹനൻ അറിയിച്ചു.