മുംബൈ: രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബ്രാന്‍ഡഡ് ആപ്പിളുകള്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ‘സബോറോ’ എന്ന ബ്രാന്‍ഡിലായിരിക്കും ആപ്പിളുകള്‍ വിപണനം ചെയ്യുക.സ്പാനിഷ് വാക്കായ സബോറോയുടെ അര്‍ത്ഥം രുചി എന്നാണ്. ഹിമാചല്‍ പ്രദേശിലെ കിനോറില്‍ നിന്നാണ് ആപ്പിളുകള്‍ സംഭരിക്കുന്നത്.രാജ്യത്തെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയാവും സബോറോ ആപ്പിളുകള്‍ വില്‍ക്കുക.ഒരു മാസത്തിനുള്ളില്‍ ഇവ വിപണിയിലെത്തിക്കാനാണ് പദ്ധതി.

ഒരു വര്‍ഷത്തിനുള്ളില്‍ 200 ഓളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ പഴവര്‍ഗ്ഗങ്ങള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് 300 കോടി രൂപയുടെ വില്‍പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനായി ഗോദ്‌റെജ് നാച്വേഴ്‌സ് ബാസ്‌കറ്റ്, ഹെരിറ്റേജ് ഫുഡ്‌സ് തുടങ്ങിയ ഭക്ഷ്യ റീട്ടെയില്‍ ശൃംഖലകളുമായി കമ്പനി കൂട്ടുകെട്ടുണ്ടാക്കിക്കഴിഞ്ഞു. റിലയന്‍സ് ഫ്രെഷുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്.രണ്ടാം ഘട്ടത്തില്‍ പഴം, മുന്തിരി, മാമ്പഴം എന്നീ പഴവര്‍ഗ്ഗങ്ങളും വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അഗ്രി ബിസിനസ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് അശോക് ശര്‍മ്മ പറഞ്ഞു.
കയറ്റുമതിക്കായി നിലവില്‍ പഴം, മുന്തിരി എന്നിവ കൃഷി ചെയ്യുന്നുണ്ട്. ബ്രാന്‍ഡഡ് ആപ്പിള്‍ വിപണിയിലിത്തെിക്കുന്നതിനായി പാക്കിങ് കേന്ദ്രങ്ങളും വെയര്‍ഹൗസുകളും സ്ഥാപിച്ചുവരികയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.