മുകേഷ് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി മുന്‍ ഭാര്യ സരിത രംഗത്തത്തി. താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയാണ് മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് സരിതയുടെ ആരോപണം. നിയമപരമല്ലാത്ത മുകേഷിന്‍റെ രണ്ടാം വിവാഹത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സരിത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുകേഷും പ്രശസ്ത മോഹിനിയാട്ടം കലാകാരി മേതില്‍ ദേവകിയുമായുള്ള വിവാഹം. തെന്നിന്ത്യന്‍ നടി സരിതയെ മുകേഷ് 1989ല്‍ വിവാഹം കഴിച്ചെങ്കിലും പിന്നീട് ഇവര്‍ തമ്മില്‍ പിരിഞ്ഞിരുന്നു. രണ്ടുതവണ വിവാഹബന്ധം വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും മുകേഷ് സഹകരിച്ചിരുന്നില്ലെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സരിത പറയുന്നു.സരിതയുമായുള്ള വിവാഹ ബന്ധത്തില്‍ മുകേഷിന് രണ്ട് കുട്ടികളുണ്ട്. 2007 ലായിരുന്നു ഇരുവരും തമ്മില്‍ പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്.എന്നാല്‍, സരിതയുടെ ആരോപണങ്ങള്‍ മുകേഷിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും, മദ്രാസ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ വിധിപ്പകര്‍പ്പ് തങ്ങളുടെ കൈവശമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.